മണ്ണുത്തി (തൃശൂർ): ദേശീയപാതയിൽ കുതിരാൻ ഇരുമ്പുപാലത്തിനുസമീപം കാട്ടാന മണിക്കൂറോളം ഭീതിപരത്തി. കാട്ടാനയുടെ ആക്രമണത്തിൽ വനം വാച്ചർക്കു പരിക്കേറ്റു. പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങി
ചൊവ്വാഴ്ച രാത്രി ഒന്പതുമണിയോടെയാണു കാട്ടാന ഇറങ്ങിയത്. ജനവാസമേഖലയിലേക്കു കടന്ന കാട്ടാന വീടുകൾക്കു മുന്നിലൂടെയും ഇടവഴികളിലൂടെയും പരക്കംപാഞ്ഞു. നാട്ടുകാർ ബഹളംവച്ചും ഫോണിൽ വിളിച്ചും ആരും വീടിനു പുറത്തിറങ്ങരുതെന്നു പ്രദേശവാസികൾക്കു മുന്നറിയിപ്പ് നൽകി.
ആനയുടെ മുന്നിൽപ്പെട്ട രണ്ടുപേർ അതിവേഗം വീടിനകത്തേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. ചിലർ വീട്ടിൽ കരുതിയിരുന്ന പടക്കംപൊട്ടിച്ച് ആനയെ തുരത്താൻ ശ്രമിച്ചു. ഇതിനിടെ നാട്ടുകാർ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു.
വനംവകുപ്പ് അധികൃതർ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് ഫോറസ്റ്റ് വാച്ചർ ഐക്കര മേപ്പുറത്ത് ബിജുവിനെ കാട്ടാന ആക്രമിച്ചത്. ആനയുടെ അടിയേറ്റ് ബിജുവിന്റെ കാലിനും ചുമലിനും പരിക്കേറ്റു. കൊമ്പുകൊണ്ട് കുത്താൻ ശ്രമിക്കുന്നതിനിടെ ബിജു ഒഴിഞ്ഞുമാറി. ഓടിയെത്തിയ യുവാക്കൾ ടോർച്ചടിച്ചും ബഹളംവച്ചും ആനയെ പിന്തിരിപ്പിച്ചു. ബിജുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ചു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പുലർച്ചെ രണ്ടുമണിയോടെയാണ് ആനയെ തുരത്തിയത്. ഒരാഴ്ചയായി കാട്ടാനശല്യം മേഖലയിൽ രൂക്ഷമാണ്. കാട്ടാനശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. സ്ത്രീകൾ അടക്കമുള്ളവർ റോഡിലിറങ്ങി പ്രതിഷേധിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ,വാർഡ് മെംബർ ഷീല അലക്സ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ. രമേശ് എന്നിവരും വനം വകുപ്പ് അധികൃതരും സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. രാത്രികാലങ്ങളിൽ പട്രോളിംഗ് നടത്താനും കൂടുതൽ തെരുവുവിളക്കുകൾ സ്ഥാപിക്കാനും പരിക്കേറ്റ വാച്ചർക്കു നഷ്ടപരിഹാരം നൽകാനും കൂടുതൽ വാച്ചർമാരെ നിയമിക്കാനും ചർച്ചയിൽ ധാരണയായി.